തിരുവനന്തപുരം: നരുവാമൂട്ടിൽ പതിനേഴുകാരൻ ശിവസൂര്യ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. . ഒന്നാം പ്രതി പള്ളിച്ചല്‍ സ്വദേശി അജിത്(21), രണ്ടാംപ്രതി പള്ളിച്ചല്‍ പാരൂര്‍ക്കുഴി സ്വദേശി കാര്ത്തികേയന്(21), മൂന്നാംപ്രതി മുടവൂര്‍പാറ സ്വദേശി പ്രിയദര്ശന്(20), നാലാംപ്രതി പള്ളിച്ചല്‍ സ്വദേശി ആരോമല്‍(21) എന്നിവരാണ് പിടിയിലായത്.
ഒന്നര വർഷം മുൻപ് ടർഫിൽ വെച്ച് പ്രതികളുമായി ശിവസൂര്യയ്ക്കുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികൾ നൽകിയ മൊഴി. കഴിഞ്ഞ ദിവസം നരുവാമൂട്ടിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിൽ നിൽക്കുകയായിരുന്ന ശിവസൂര്യയുടെ അടുത്തെത്തിയ പ്രതികൾ പഴയ തർക്കത്തെച്ചൊല്ലി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനിടയിൽ പ്രതികൾ ശിവസൂര്യയെ ടെക്സ്റ്റൈൽ ഷോപ്പിന്റെ ഗ്ലാസ് ഷീറ്റിലേക്ക് ബലമായി തള്ളിയിട്ടു.
തകർന്നുപോയ ചില്ലുകൾ ശിവസൂര്യയുടെ വയറ്റിലേക്ക് ആഴത്തിൽ തുളച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവസൂര്യയെ പ്രതികൾ തന്നെയാണ് ബൈക്കിൽ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തും മുമ്പേ മരണം സംഭവിച്ചിരുന്നു.